Monday 30 May 2011

തിരഞ്ഞെടുപ്പ് എന്തിന്; സമുദായങ്ങള്‍ പറയട്ടെ

കേരളം ജനാധിപത്യവാദികളുടെ നാടാണെന്ന് പറഞ്ഞവനെ ചാട്ടയ്ക്കടിക്കണം. ഇത് ഒട്ടും മിതവാദികളല്ലാത്ത മതവാദികളുടെ നാടാണ് എന്ന് ലൗഡ് സ്പീക്കര്‍ പറയുന്നു. സംശയമുളളവര്‍ക്ക് പുതുതായി അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ മന്ത്രിമാരെ നോക്കി അതു പരിഹരിക്കാം.
തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുന്‍പ് അബദ്ധത്തിലാണെങ്കിലും ആദ്യവെടിപൊട്ടിച്ചത് എന്‍.എസ്.എസിന്റെ സുകുമാരന്‍ നായര്‍. ഫലം വന്നപ്പോള്‍ ഞങ്ങള്‍ക്ക് മൂന്നു മന്ത്രിമാര്‍ വേണമെന്ന ഭീഷണിയുമായി എസ്.എന്‍.ഡി.പി ദൈവം വെളളാപ്പളളി. എല്ലാം ഞങ്ങളുടെ വഴിക്കു തന്നെ വന്നുകൊളളും എന്ന മൗനത്തോടെ ക്രിസ്ത്യന്‍ സമുദായം. പിന്നെ ജനാധിപത്യം എന്ന വ്യാജേന സാമുദായിക പ്രവര്‍ത്തനം നടത്തുന്ന മുസ്‌ളിം ലീഗ്. ഇവരെല്ലാം ചേര്‍ന്ന് കേരളം പങ്കിട്ടെടുത്തു.
മുഖ്യമന്ത്രി ക്രിസ്ത്യാനിയായ ഉമ്മന്‍ ചാണ്ടി(കോണ്‍ഗ്രസുകാരനല്ല), നായര്‍ ഗതാഗതമന്ത്രി, മുസ്‌ളിം വ്യവസായ മന്ത്രി തുടങ്ങി മന്ത്രിമാരെല്ലാം ഏതെങ്കിലുമൊക്കെ സമുദായത്തിന്റെ വക്താക്കളായി സഭയിലിരിക്കുന്നു.
രാഷ്ട്രീയത്തിന്റെ പുതിയ മുഖം ഇപ്പോള്‍ ഇങ്ങനെയാണ്. ഏതു സമുദായക്കാരോടും വോട്ടുചോദിക്കാന്‍ ഉളുപ്പില്ല. എല്ലാ സമുദായക്കാരെക്കൊണ്ടും ജയ് വിളിപ്പിക്കാനുളള തൊലിക്കട്ടിയുമുണ്ട്. ജയ് വിളിക്കാനുളള അവകാശം എല്ലാ സമുദായക്കാര്‍ക്കും അനുവദിച്ചുകൊടുക്കുന്നതിനായി അവനെ അണി എന്നു പേരിട്ടു വിളിക്കുന്നു എന്നു മാത്രം. പക്ഷെ ജയിച്ചുകഴിഞ്ഞാല്‍ പിന്നെ നേതാവും കളിയറിയാവുന്ന ചില അണികളും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ളിമും ഒക്കെയായി മാറുന്നു. ഇതിനിടെ രാഷ്ട്രീയ പ്രവര്‍ത്തനം എന്തോ വലിയ സാമൂഹ്യ പരിഷ്‌കരണമാണെന്ന് തെറ്റിദ്ധരിച്ച് മുണ്ടും മുറുക്കിയിങ്ങുന്ന ചില പാവങ്ങള്‍ ആണ് കഥയറിയാതെ ആടുന്നത്.
മുസ്‌ളിം ലീഗിന്റെ കാര്യം പോട്ടെ എന്നു വയ്ക്കാം. അത് ആ സമുദായത്തിന്റെ മാത്രം ഉന്നമനത്തിനായി ഉണ്ടായ പാര്‍ട്ടിയാണ് എന്നത് പരസ്യമായ രഹസ്യമാണ്. ജനാധിപത്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സമര്‍ത്ഥമായി ലയിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ലീഗിന് രഹസ്യമായും പരസ്യമായും ഉളള അജണ്ടകള്‍ സാമുദായികം തന്നെ. സാമുദായിക പാര്‍ട്ടികളെ ഒപ്പം കൂട്ടിയ രണ്ടു മുന്നണികളും ഈ സാമുദായിക രാഷ്ട്രീയം അനുവദിച്ചു കൊടുത്തിട്ടുളളതിനാല്‍ ലൗഡ് സ്പീക്കറിന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല. വോട്ട് മണ്ഡലത്തിലെല്ലാവരോടും ചോദിക്കുമെങ്കിലും ജയ് വിളിക്കാന്‍ ലീഗിന് മുംസ്‌ലിങ്ങളേയൂളളൂ. എത്ര പേരെ നിരത്തി പീഡിപ്പിച്ചാലും കുഞ്ഞാലിക്കുട്ടിക്ക് ജയ് വിളിക്കും, റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിക്കുകയും ചെയ്യും എന്ന പ്രത്യേകതയുമുണ്ട്.
ഇതിനിടെ വെട്ടിയെറിയുന്ന മീനിന്റെ വാലെങ്കിലും കിട്ടിയെങ്കില്‍ എന്നാശിച്ച് വെളളമിറക്കി കാത്തുനില്‍ക്കുന്ന പൂച്ചയെപ്പോലെ ചില സമുദായസാമാജികരും. മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്ന് സമുദായം പറഞ്ഞിട്ടുണ്ടെന്ന് മുന്‍മന്ത്രിയായ ശക്തന്‍ നാടാരുടെ അടവ്.
ആരുഭരിക്കണം എന്ന് തീരുമാനിക്കുന്നത് സമുദായങ്ങള്‍ ആണെങ്കില്‍ നാടടച്ച് തിരഞ്ഞെടുപ്പും ബഹളവും നടത്തിക്കൂട്ടി പൊതുജനത്തെ വെറുതേയെന്തിന് വീണ്ടും വീണ്ടും മണ്ടന്മാരാക്കണമെന്ന ചോദ്യമാണ് ലൗഡ് സ്പീക്കറിന് ഉന്നയിക്കാനുളളത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. തിരഞ്ഞെടുപ്പ് എന്ന കോമഡി ഒഴിവാക്കി 140 നിയമസഭാ മണ്ഡലങ്ങളും ഓരോ സമുദായങ്ങള്‍ക്ക് വീതിച്ചുകൊടുത്ത് അവര്‍ പറയുന്നവരെ നിയമസഭയില്‍ ഇരുത്തിയാല്‍ പോരേ...? കുറെ കാശെങ്കിലും ലാഭിച്ചൂകൂടേ.....?

Tuesday 10 May 2011

ടിന്റുമോനും ഗോപുമോനും ഇപ്പോള്‍ ഇതാ രാജുമോനും

കാര്യമുളള കാര്യങ്ങള്‍ വിളിച്ചു പറയാന്‍ സൃഷ്ടിച്ച ബ്ലോഗായതിനാല്‍ ഒരു കാര്യവുമില്ലാത്ത ഒരു കാര്യത്തെ പറ്റി പറയുന്നതില്‍ ലൗഡ് സ്പീക്കറിന് മനസ്താപമുണ്ട്. എങ്കിലും ലൗഡ് സ്പീക്കറായിപ്പോയില്ലേ? പറയാനുളളത് പറയാതെ പറ്റില്ലല്ലൊ...
ടിന്റുമോന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് രംഗത്തുവന്ന ക്രിക്കറ്റുകളിക്കാരന്‍ ഗോപുമോനെയും തോല്‍പ്പിച്ച് അടുത്തിടെ രംഗത്തുവന്ന നടന്‍ രാജുമോനെ പറ്റി സഹോദരന്‍ പറഞ്ഞതു കേട്ടില്ലേ..? അവന് നാല്‍പ്പതു വയസ്‌സുകാരന്റെ പക്വതയാണെന്ന്...
മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച വിവാഹം കഴിച്ചതും വായില്‍ തോന്നിയ കോതപ്പാട്ടു പാടുന്നതും അനിയന്റെ പക്വതയാണെന്നാണ് ചേട്ടന്‍ നടന്‍ പറയുന്നത്. ആണോ? വായനക്കാര്‍ക്ക് എന്തു തോന്നുന്നു?
കഴിഞ്ഞ വിഷുവിന് രാജുമോന്റെ അഭിമുഖം ചോദിച്ച് കത്തിയും കൂടും പരിവാരങ്ങളുമായി ചെന്ന ഒരു പ്രമുഖ ചാനലുകാരെ ഈ ഭയങ്കര നടന്‍ ഓടിച്ചുവിട്ടു. രാവിലെ മുതല്‍ ഉച്ചവരെ രാജുമോന്റെ ഷൂട്ടിംഗ് നടക്കുന്ന പട്ടിക്കാട്ടില്‍ ചെന്ന് ഈച്ചയാട്ടി കുത്തിയിരുന്ന ശേഷമാണ് ചാനലുകാര്‍ക്ക് മടങ്ങേണ്ടി വന്നത്.
അതുപോട്ടെ. ഇഷ്ടന്റെ കല്യാണം റിപ്പോര്‍ട്ടു ചെയ്യാന്‍ പോയ മാദ്ധ്യമക്കാരോട് ചോദിച്ചത്, എന്തിനാ വന്നത്..? വിളിച്ചില്ലല്ലൊ എന്നായിരുന്നു...
ഒടുവില്‍ അനിയനും ചേട്ടനും കൂടി അഭിനയിച്ച ഒരു സിനിമ ബോക്‌സ് ഓഫീസില്‍ തകര്‍ന്നപ്പോള്‍ രാജുമോന് സങ്കടം. ജനം വേണ്ടവിധം ശ്രദ്ധിച്ചില്ലെന്ന്.. കാരണമെന്താ.. വേണ്ട പ്രൊമോഷന്‍ കിട്ടിയില്ല. എന്നുവച്ചാല്‍ മാദ്ധ്യമങ്ങള്‍ അവഗണിച്ചു. അപ്പോള്‍ ഫലം കിട്ടിത്തുടങ്ങി എന്നു സാരം. മാണിക്യക്കല്ലാണെങ്കില്‍ അത്ര പോര..
മാദ്ധ്യമങ്ങള്‍ ഇടഞ്ഞാല്‍ ഒരു വെറും സിനിമാനടന് എന്താകാനാകും എന്ന് ആലോചിക്കണം. സത്യത്തില്‍ ഇത്രയും കാലം രാജുമോന് അര്‍ഹിക്കാത്തപരിഗണന കൊടുത്തത് ശരിയോ എന്നത് മാദ്ധ്യമങ്ങള്‍ തന്നെ വിലയിരുത്തട്ടെ..
ചേട്ടനും നടനാണല്ലൊ. നാലഞ്ചു വയസ്‌സിന്റെ മൂപ്പില്ലേ? ആലോചിക്കൂ.. രാജുമോന്‍ കാട്ടിക്കൂട്ടുന്നത് നാല്‍പ്പതു വയസ്‌സുകാരന്റെ പക്വതയോ, അതോ 27 വയസ്‌സുകാരന്റെ വിവരമില്ലായ്മയോ...? ഒന്ന് ഓര്‍ത്തുവച്ചോളൂ... മാദ്ധ്യമങ്ങളെക്കൊണ്ടാണ് രാജുമോന്‍ ജീവിക്കുന്നത്. രാജുമോനെക്കൊണ്ട് മാദ്ധ്യമങ്ങളല്ല. മാദ്ധ്യമങ്ങള്‍ക്ക് രാജുമോനില്ലെങ്കില്‍ മറ്റേതെങ്കിലും മോന്‍......

Thursday 5 May 2011

കുറ്റിച്ചൂലിലെത്തിയ രാഷ്ട്രീയം

ബുദ്ധിയുളളവരുടേതാണ് ലോകം. വെറും ബുദ്ധിയല്ല കുബുദ്ധി(കുരുട്ടുബുദ്ധിഎന്ന് നാട്ടുഭാഷ). വീണ്ടും വീണ്ടും അത് തെളിയിക്കപ്പെടുകയാണ്. ദിവസവും കേള്‍ക്കുന്ന ആളാകല്‍ രാഷ്ട്രീയത്തിലെ മണ്ടത്തരങ്ങള്‍ പോട്ടെയെന്നു കരുതിയാലും അതിന്റെ ചുവടുപിടിച്ച് നടക്കുന്ന ശുദ്ധമായ പിതൃരാഹിത്യം കണ്ടില്ലെന്നു നടിക്കാമോ...?
കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലെ മാനേജരെ കുറെ തടിച്ചികള്‍ ചൂലുകൊണ്ടു തല്ലിയ സംഭവത്തെ പറ്റിയാണ് സൂചിപ്പിക്കുന്നത്. ഗസ്റ്റ് ഹൗസിലെ ഒരു സ്ത്രീ തൊഴില്‍പീഡനം സംബന്ധിച്ച് നല്‍കിയ ഒരു പരാതിയില്‍ നടപടി വൈകുന്നു എന്നായിരുന്നു തല്ലുകാരുടെ ആരോപണം...? അതുമാത്രം.. അല്ലാതെ തല്ലുകൊണ്ടയാള്‍ ആ കേസില്‍ പ്രതിയല്ല. അദ്ദേഹത്തിന് അതുമായി യാതൊരു ബന്ധവുമില്ല..
നടപടി വൈകുന്നെങ്കില്‍ പ്രതിഷേധിക്കാന്‍ പോകേണ്ടത് പൊലീസ് സ്‌റ്റേഷനിലേക്കായിരുന്നില്ലേ...? ചൂലും പൊതിഞ്ഞു കെട്ടി അങ്ങോട്ടു ചെന്നാല്‍ തിരിച്ചുപോരുമ്പോള്‍ ശരീരത്തു നീരുവയ്ക്കും.(മറ്റു പലതും സംഭവിച്ചേക്കാം) അപ്പോള്‍പ്പിന്നെ ആളാകാന്‍ പാവങ്ങളുടെ നെഞ്ചത്തേക്ക് ഇരച്ചു കയറുകയേ നിര്‍വാഹമുളളൂ......
അത് മനോഹരമായി ചേച്ചിമാരും പിന്നണിയില്‍ നിന്ന ചേട്ടന്മാരും കൂടി നടപ്പാക്കിയപ്പോള്‍ ഒന്നിലും കക്ഷിയല്ലാത്ത പാവം ഗസ്റ്റ് ഹൗസ് മാനേജര്‍ക്ക് നാട്ടുകാരുടെ മുഖത്തു നോക്കാന്‍ വയ്യാത്ത സ്ഥിതിയുമായി.
ഇതാണ് പറയുന്നത് പാത്രമറിഞ്ഞ് വിളമ്പണമെന്ന്. അല്ലെങ്കില്‍ അനുവദിച്ചു കിട്ടുന്ന സ്വാതന്ത്ര്യത്തെ അര്‍ഹതയില്ലാത്തവരെല്ലാംകൂടി വിഴുങ്ങും. കൊഴുപ്പു കൂടുമ്പോള്‍ കുടുംബത്തില്‍ പിറന്നവരുടെ അണ്ണാക്കില്‍ തുപ്പിക്കളിക്കും...
കണ്ടു പഠിച്ചില്ലെങ്കില്‍ കാത്തിരിക്കാം എല്ലാവരും കൊണ്ടു പഠിക്കട്ടെ.....