Monday, 30 May 2011

തിരഞ്ഞെടുപ്പ് എന്തിന്; സമുദായങ്ങള്‍ പറയട്ടെ

കേരളം ജനാധിപത്യവാദികളുടെ നാടാണെന്ന് പറഞ്ഞവനെ ചാട്ടയ്ക്കടിക്കണം. ഇത് ഒട്ടും മിതവാദികളല്ലാത്ത മതവാദികളുടെ നാടാണ് എന്ന് ലൗഡ് സ്പീക്കര്‍ പറയുന്നു. സംശയമുളളവര്‍ക്ക് പുതുതായി അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ മന്ത്രിമാരെ നോക്കി അതു പരിഹരിക്കാം.
തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുന്‍പ് അബദ്ധത്തിലാണെങ്കിലും ആദ്യവെടിപൊട്ടിച്ചത് എന്‍.എസ്.എസിന്റെ സുകുമാരന്‍ നായര്‍. ഫലം വന്നപ്പോള്‍ ഞങ്ങള്‍ക്ക് മൂന്നു മന്ത്രിമാര്‍ വേണമെന്ന ഭീഷണിയുമായി എസ്.എന്‍.ഡി.പി ദൈവം വെളളാപ്പളളി. എല്ലാം ഞങ്ങളുടെ വഴിക്കു തന്നെ വന്നുകൊളളും എന്ന മൗനത്തോടെ ക്രിസ്ത്യന്‍ സമുദായം. പിന്നെ ജനാധിപത്യം എന്ന വ്യാജേന സാമുദായിക പ്രവര്‍ത്തനം നടത്തുന്ന മുസ്‌ളിം ലീഗ്. ഇവരെല്ലാം ചേര്‍ന്ന് കേരളം പങ്കിട്ടെടുത്തു.
മുഖ്യമന്ത്രി ക്രിസ്ത്യാനിയായ ഉമ്മന്‍ ചാണ്ടി(കോണ്‍ഗ്രസുകാരനല്ല), നായര്‍ ഗതാഗതമന്ത്രി, മുസ്‌ളിം വ്യവസായ മന്ത്രി തുടങ്ങി മന്ത്രിമാരെല്ലാം ഏതെങ്കിലുമൊക്കെ സമുദായത്തിന്റെ വക്താക്കളായി സഭയിലിരിക്കുന്നു.
രാഷ്ട്രീയത്തിന്റെ പുതിയ മുഖം ഇപ്പോള്‍ ഇങ്ങനെയാണ്. ഏതു സമുദായക്കാരോടും വോട്ടുചോദിക്കാന്‍ ഉളുപ്പില്ല. എല്ലാ സമുദായക്കാരെക്കൊണ്ടും ജയ് വിളിപ്പിക്കാനുളള തൊലിക്കട്ടിയുമുണ്ട്. ജയ് വിളിക്കാനുളള അവകാശം എല്ലാ സമുദായക്കാര്‍ക്കും അനുവദിച്ചുകൊടുക്കുന്നതിനായി അവനെ അണി എന്നു പേരിട്ടു വിളിക്കുന്നു എന്നു മാത്രം. പക്ഷെ ജയിച്ചുകഴിഞ്ഞാല്‍ പിന്നെ നേതാവും കളിയറിയാവുന്ന ചില അണികളും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ളിമും ഒക്കെയായി മാറുന്നു. ഇതിനിടെ രാഷ്ട്രീയ പ്രവര്‍ത്തനം എന്തോ വലിയ സാമൂഹ്യ പരിഷ്‌കരണമാണെന്ന് തെറ്റിദ്ധരിച്ച് മുണ്ടും മുറുക്കിയിങ്ങുന്ന ചില പാവങ്ങള്‍ ആണ് കഥയറിയാതെ ആടുന്നത്.
മുസ്‌ളിം ലീഗിന്റെ കാര്യം പോട്ടെ എന്നു വയ്ക്കാം. അത് ആ സമുദായത്തിന്റെ മാത്രം ഉന്നമനത്തിനായി ഉണ്ടായ പാര്‍ട്ടിയാണ് എന്നത് പരസ്യമായ രഹസ്യമാണ്. ജനാധിപത്യത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സമര്‍ത്ഥമായി ലയിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ലീഗിന് രഹസ്യമായും പരസ്യമായും ഉളള അജണ്ടകള്‍ സാമുദായികം തന്നെ. സാമുദായിക പാര്‍ട്ടികളെ ഒപ്പം കൂട്ടിയ രണ്ടു മുന്നണികളും ഈ സാമുദായിക രാഷ്ട്രീയം അനുവദിച്ചു കൊടുത്തിട്ടുളളതിനാല്‍ ലൗഡ് സ്പീക്കറിന് ഇക്കാര്യത്തില്‍ ഒന്നും പറയാനില്ല. വോട്ട് മണ്ഡലത്തിലെല്ലാവരോടും ചോദിക്കുമെങ്കിലും ജയ് വിളിക്കാന്‍ ലീഗിന് മുംസ്‌ലിങ്ങളേയൂളളൂ. എത്ര പേരെ നിരത്തി പീഡിപ്പിച്ചാലും കുഞ്ഞാലിക്കുട്ടിക്ക് ജയ് വിളിക്കും, റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിക്കുകയും ചെയ്യും എന്ന പ്രത്യേകതയുമുണ്ട്.
ഇതിനിടെ വെട്ടിയെറിയുന്ന മീനിന്റെ വാലെങ്കിലും കിട്ടിയെങ്കില്‍ എന്നാശിച്ച് വെളളമിറക്കി കാത്തുനില്‍ക്കുന്ന പൂച്ചയെപ്പോലെ ചില സമുദായസാമാജികരും. മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ എം.എല്‍.എ. സ്ഥാനം രാജിവയ്ക്കണമെന്ന് സമുദായം പറഞ്ഞിട്ടുണ്ടെന്ന് മുന്‍മന്ത്രിയായ ശക്തന്‍ നാടാരുടെ അടവ്.
ആരുഭരിക്കണം എന്ന് തീരുമാനിക്കുന്നത് സമുദായങ്ങള്‍ ആണെങ്കില്‍ നാടടച്ച് തിരഞ്ഞെടുപ്പും ബഹളവും നടത്തിക്കൂട്ടി പൊതുജനത്തെ വെറുതേയെന്തിന് വീണ്ടും വീണ്ടും മണ്ടന്മാരാക്കണമെന്ന ചോദ്യമാണ് ലൗഡ് സ്പീക്കറിന് ഉന്നയിക്കാനുളളത്. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. തിരഞ്ഞെടുപ്പ് എന്ന കോമഡി ഒഴിവാക്കി 140 നിയമസഭാ മണ്ഡലങ്ങളും ഓരോ സമുദായങ്ങള്‍ക്ക് വീതിച്ചുകൊടുത്ത് അവര്‍ പറയുന്നവരെ നിയമസഭയില്‍ ഇരുത്തിയാല്‍ പോരേ...? കുറെ കാശെങ്കിലും ലാഭിച്ചൂകൂടേ.....?

1 comment: